National
ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് രാജേഷ് ഗുപ്ത ബിജെപിയിൽ ചേർന്നു. മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചുകൊണ്ടാണ് രാജേഷ് ഗുപ്ത പാർട്ടി വിട്ടത്.
പാർട്ടി പ്രവർത്തകരെ കെജ്രിവാൾ ഉപയോഗിച്ച് വലിച്ചെറിയുന്നതായി രാജേഷ് ഗുപ്ത ആരോപിച്ചു. ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രണ്ട് തവണ എംഎൽഎ ആയിരുന്ന രാജേഷ് ഗുപ്തയുടെ ബിജെപി പ്രവേശനമെന്നതാണ് ശ്രദ്ധേയം.
പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് വലിച്ചെറിയുന്ന കെജ്രിവാളിന്റെ രീതിയാണ് പാർട്ടിയുടെ തകർച്ചയ്ക്ക് പിന്നിലെ കാരണമെന്നും രാജേഷ് ഗുപ്ത കൂട്ടിച്ചേർത്തു. എഎപി വിട്ട രാജേഷിനെ ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
District News
പയ്യോളി: ഭീഷണിയും സമ്മർദ്ദവും കാരണം പയ്യോളി നഗരസഭയിലെ പന്ത്രണ്ടാം ഡിവിഷനിലെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതായി ആം ആദ്മി പാർട്ടി. 12ാം ഡിവിഷനിൽ നേരത്തെ പ്രഖ്യാപിച്ച ഡോക്ടർ മുസ്തഫയുടെ സ്ഥാനാർത്ഥിത്വം ആണ് പിൻവലിക്കുന്നതായി ആം ആദ്മി നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചത്.
പകരം ആം ആദ്മി ജില്ലാ സെക്രട്ടറി കെ.എം. ഷമീർ സ്ഥാനാര്ഥിയാകും.തെരഞ്ഞെടുപ്പ് രംഗത്തെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള ഇടപെടലുകൾ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് ആം ആദ്മി പാർട്ടി പയ്യോളി യൂണിറ്റ് അഭിപ്രായപ്പെട്ടു.ഇപ്രാവശ്യം വളരെ നേരത്തെ തന്നെ തിരഞ്ഞെടുപ്പിനായി സജ്ജമായ ആം ആദ്മി പാർട്ടി നവംബർ ഒന്നാം തീയതി തന്നെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയിരുന്നു.
ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന പാർട്ടികൾക്ക് ചേരാത്ത ഇത്തരത്തിലുള്ള ഇടപെടലുകൾ വരുന്ന തെരഞ്ഞെടുപ്പിൽ പൊതുജനം തീർച്ചയായും വിലയിരുത്തുമെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ വ്യക്തമാക്കി.
National
ന്യൂഡൽഹി: കേരളം കൂടാതെ ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കു നേട്ടം. പഞ്ചാബിലെയും ഗുജറാത്തിലെയും സിറ്റിംഗ് സീറ്റുകൾ എഎപി നിലനിർത്തി. ഗുജറാത്തിലെ മറ്റൊരു സീറ്റിൽ ബിജെപിയും ബംഗാളിൽ തൃണമൂൽ കോൺഗ്രസും വിജയിച്ചു.
ഗുജറാത്തിലെ വിസവദാർ മണ്ഡലത്തിൽ എഎപി മുൻ സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ 17,554 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയിലെ കിരിത് പട്ടേലിനെ പരാജയപ്പെടുത്തി. എഎപി അംഗ ഭൂപേന്ദ്ര ഭയാനി രാജിവച്ച് ബിജെപിയിൽ ചേർന്നതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഗുജറാത്തിലെ കാദി സീറ്റിൽ ബിജെപിയിലെ രാജേന്ദ്ര ചാവ്ഡ വിജയിച്ചു. കോൺഗ്രസ് രണ്ടാമതെത്തി. ബിജെപി എംഎൽഎയായിരുന്ന കാർസൻ സോളങ്കിയുടെ മരണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
പഞ്ചാബിലെ ലുധിയാന വെസ്റ്റ് മണ്ഡലം എഎപിയിലെ സഞ്ജീവ് അറോറ നിലനിർത്തി. കോൺഗ്രസ് സ്ഥാനാർഥിയാണു രണ്ടാമതെത്തിയത്. ബിജെപി മൂന്നാമതും അകാലി ദൾ നാലാമതുമായി. എഎപി എംഎൽഎ ഗുർപ്രീത് ബാസി ഗോഗിയുടെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
ബംഗാളിലെ കാളിഗഞ്ച് മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ആലിഫ അഹമ്മദ് 50,049 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിജെപിയാണ് രണ്ടാമതെത്തിയത്. സിപിഎം പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി.
കാളിഗഞ്ച് എംഎൽഎയായിരുന്ന നസിറുദ്ദീൻ അഹമ്മദിന്റെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നസിറുദ്ദീന്റെ മകളാണ് മുപ്പത്തിയെട്ടുകാരിയും ഐടി പ്രഫഷണലുമായ ആലിഫ.